സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചതിന് പിന്നില്‍ പ്രവാചക നിന്ദയോ? ആക്രമണത്തിലേക്ക് നയിച്ചത് സേറ്റാനിക് വേഴ്സസ് എന്ന പുസ്തകം

സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്ന് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ കുറ്റമൊന്നും ചുമത്തിയിട്ടില്ല. റുഷ്ദിയുടെ ആരോ​ഗ്യാവസ്ഥ കൂടി പരി​ഗണിച്ചായിരിക്കും പ്രതിക്കെതിരെ കുറ്റം ചുമത്തുക. 33 വര്‍ഷം മുന്‍പ് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി പുറപ്പെടുവിച്ച ഫത്‌വ, ഹാദി ഇപ്പോൾ നടപ്പാക്കുകയായിരുന്നോ എന്ന സംശയമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.

സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാദി ആക്രമണം നടത്തിയത്. റുഷ്ദിയെ വധിക്കാൻ ആഹ്വാനം ചെയ്തിരുന്ന ഇറാൻ സർക്കാരിനോട് ഹാദി മറ്റാറിന് അനുഭാവമുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 1989ൽ സൽമാൻ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച ആയത്തുള്ള ഖുമൈനിയുടെ ഫോട്ടോയാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലുള്ളത്. റുഷ്ദിയുടെ നാലാമത്തെ നോവലായ സേറ്റാനിക് വേഴ്‌സസിനെ പ്രവാചകനിന്ദ ആരോപിച്ച് ഇറാനില്‍ നിരോധിച്ചിരുന്നു. 1989 ഫെബ്രുവരി 14നാണ് റുഷ്ദിയെ വധിക്കാന്‍ ആയത്തുള്ള ഖുമൈനി മതശാസന പുറപ്പെടുവിച്ചത്.

പ്രാരംഭ ഘട്ടത്തിലുള്ള അന്വേഷണത്തിൽ എഫ്ബിഐ സഹായം നൽകുന്നുണ്ടെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഹാദിക്ക് പ്രഭാഷണത്തിൽ പങ്കെടുക്കാൻ പാസ് ഉണ്ടായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. ആക്രമണത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇറാനെയും ഷിയാ തീവ്രവാദത്തെയും പിന്തുണച്ച് ഹാദി മറ്റാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായി എൻബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണ സമയത്ത് ഹാദി കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചിരുന്നു. അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അദ്ദേഹത്തിന്റെ ആരോ​ഗ്യനില അതീവ​ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന റഷ്ദിക്ക് ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിന് പിന്നിൽ കൃത്യമായ ​ഗൂഢാലോചനയുണ്ടാവാമെന്നാണ് കണക്കുകൂട്ടൽ. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഹാദി മേത്തർ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തത്തിൽ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകിരുന്നു.

ഒരു കണ്ണിന് പരുക്കുണ്ടെന്നും വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ സഹായി ആൻഡ്രൂ അറിയിച്ചു. കൈകളുടെ ഞരമ്പുകൾക്കും കരളിനും ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഒരു ലെക്ചറിനിടെയാണ് ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി ഷ്ടപ്പെട്ടേക്കുമെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു.