സ്പീക്കറിന്റെ പ്രസ്താവന, ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സിപിഎം, കരുതലോടെ കോൺ​ഗ്രസ്, എ.എന്‍. ഷംസീര്‍ മാധ്യമങ്ങളെ കാണും

ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ കൂടുതല്‍ പ്രതികരണം നടത്തി അനാവശ്യ വിവാദം സൃഷ്ടിക്കാതിരിക്കാനുള്ള ശ്രമവുമായി സിപിഎം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന സംസ്ഥാനത്ത് ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സിപിഎം ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല പ്രതിഷേധത്തിന് സമാനമായ സാഹചര്യം ഒരുക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന നടത്തുന്നതായാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. നാമജപ സംഗമം അടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ ഇതിന്റെ ഭാഗമാണ്. എന്‍എസ്എസ് നേതൃത്വത്തെ ഇതില്‍ വീഴ്ത്താന്‍ സംഘപരിവാറിനായെന്നും സിപിഎം നേതാക്കള്‍ പറയുന്നു.

പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുണ്ട്. ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പ്രസ്താവനയില്‍ വിശദീകരണം നടത്തിയേക്കും. ഷംസീറിനെ കൊണ്ട് തന്നെ കാര്യങ്ങള്‍ വിശദീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണം ശബരിമല വിഷയമാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു കെണിയില്‍ വീഴെണ്ടെന്ന പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിവാദത്തില്‍ കരുതലോടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഒരു വിശ്വാസത്തേയും ഹനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സിപിഎം ജാഗ്രത കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ഷംസീറിനെതിരെ പ്രതികരിക്കാത്തത് വര്‍ഗീയ ശക്തികളുടെ വോട്ട് പോകുമെന്ന് ഭയന്നാണോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു.

‘ഗണപതിയെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്നത് മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ. ഷംസീര്‍ കേരളത്തിലെ ഹിന്ദുക്കളോട് മാപ്പ് പറയണം. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദു സമൂഹമെന്ന് ഓര്‍ക്കണം’ കെ.സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ നേരിട്ട അതേ വെല്ലുവിളിയാണ് നിലവില്‍ ഷംസീറും സിപിഎമ്മും നേരിടുന്നതെന്നും വാര്‍ത്താസമ്മേളനത്തിനിടെ സുരേന്ദ്രന്‍ പറഞ്ഞു.