ഗവർണർക്കെതിരായ സമരം നനഞ്ഞ പടക്കം, സുപ്രീം കോടതിക്കെതിരെയാണോ സമരം ? – കെ.സുരേന്ദ്രൻ

കോഴിക്കോട് . സാങ്കേതിക സർവക‌ലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാനാണ് ഇടതുപക്ഷം ഗവർണർക്കെതിരെ തെരുവിൽ നടത്തുന്ന സമരം നനഞ്ഞ പടക്കമാണെന്നും, സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ തയ്യാറാവണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ സമരം നനഞ്ഞ പടക്കമാവുമെന്നുറപ്പാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി മുഖ്യമന്ത്രിയും ഇടത് നേതാക്കളും പറയാൻ തയ്യാറാകണം. സാങ്കേതിക സർവ്വകലാശാലാ വിധി എല്ലാ സർവ്വകലാശാലകൾക്കും ബാധകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തെരുവിൽ നേരിടാനാണ് ഉദ്ദേശമെങ്കിൽ തിരിച്ചും അത് പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ് – സുരേന്ദ്രൻ പറഞ്ഞു.

അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവർണറെ ആർഎസ്എസ്സുകാരനായി സിപിഎം മുദ്രകുത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആർഎസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഗവർണർക്ക് ബിജെപിയുടെ പൂർണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂർണമായും തകർക്കുകയാണ് ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററിൽ നിന്നാണ് വരുന്നത്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ യുജിസി മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ഇഷ്ടക്കാരെ വിസിമാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് നടപ്പില്ലെന്നാണ് സാങ്കേതിക സർവക‌ലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.