ലാവ്‌ലിൻ അഴിമതി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി: ലാവ്‌ലിൻ അഴിമതി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിലെ പത്താം നമ്പർ കേസായിട്ടാണ് പരിഗണിക്കുന്നത്. പല തവണ മാറ്റിവച്ചതിലൂടെ കുപ്രസിദ്ധമായതാണു ലാവ്ലിൻ അഴിമതി കേസ്. ആറു വർഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത്.

കഴിഞ്ഞ നവംബർ 11 നു കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവ് മൂലം പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത്.

2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതെയോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി. അപ്പീൽ നൽകിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയിൽ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ, യു.യു ലളിത്, എം.ആർ ഷാ എന്നിവർ സുപ്രീംകോടതിയിൽ നിന്നും വിരമിച്ചു. കേസിന്റെ വാദം പോലും തുടങ്ങാൻ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. കേസ് വാദിക്കാൻ തയാറാണെന്ന് പിണറായി വിജയൻറെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ പലപ്പോഴും സുപ്രീംകോടതിയിൽ സമർപ്പിച്ചത്.