വനംവകുപ്പിന്റെ ഓഫീസിനു സമീപം കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി മുറിച്ച് കടത്തി.

മൂന്നാര്‍/ ഓള്‍ഡ് ദേവികുളത്ത് വനംവകുപ്പിന്റെ ഓഫീസിനു സമീപം1200ല്‍ അധികം കിലോ ഗ്രാം ഭാരമുള്ള കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി മുറിച്ച് കടത്തി. വനംവകുപ്പിന്റെ ഓഫീസിനു സമീപം നടന്ന സംഭവം പുറത്തറിഞ്ഞാൽ നാണക്കേടും ശിക്ഷണ നടപടികളും ഉണ്ടാകുമെന്നു ഭയന്ന് വിവരങ്ങള്‍ പുറത്ത് വിടാതെ വനം വകുപ്പ് ഒളിച്ചു വെച്ചു.

തിങ്കളാഴ്ച വൈകിട്ടു ദേവികുളം റേഞ്ചിന് കീഴിലെ സെന്‍ട്രല്‍ നഴ്‌സറിക്ക് സമീപം ആണ് കാട്ടുപോത്തിന്റെ അവഷിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. വെറ്ററിനറി ഡോക്ടറടക്കം എത്തി നടത്തിയ പരിശോധനയില്‍ വേട്ടയാടല്‍ സ്ഥീരീകരിക്കുകയായിരുന്നു. 1200ല്‍ അധികം കിലോ ഗ്രാം ഭാരമുള്ള കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തുന്നത്. എന്നാല്‍ വെടിവച്ച മെറ്റല്‍ മാത്രം കണ്ടെത്താനായിട്ടില്ല.

റോഡരികില്‍ നിന്നാണ് കാട്ടുപോത്തിന്റെ തലയും എല്ലും തോലും മടങ്ങുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തലങ്ങും വിലങ്ങും പായുന്ന ഇവിടെ നിന്ന് എങ്ങനെയാണ് വേട്ടയാടി ഇറച്ചി മുറിച്ച് കടത്തിയതെന്നത് വനംവകുപ്പിനെയും പോലും അമ്പരപ്പിക്കുന്നു. മൂന്നാര്‍ ഡിഎഫ്ഒ ഓഫീസില്‍ നിന്ന് ഒരു കി.മീ. മാത്രം അകലെയാണ് ഈ പ്രദേശം എന്നതും ശ്രദ്ധേയം. വേട്ടയാടിയ വെട്ടിമുറിച്ച് ഇറച്ചി തലച്ചുമടായി കടത്തിയിരിക്കാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ ഈ പ്രദേശത്ത് വേട്ട നടക്കില്ലെന്ന ആക്ഷേപംഉയരുന്നുണ്ട്. വനംവകുപ്പിന് നാണക്കേടായി മാറിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംഭവത്തെ പറ്റി അന്വേഷിക്കാൻ മൂന്നാര്‍ ഡിഎഫ്ഒ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. മുറിച്ചെടുത്ത ഇറച്ചി എങ്ങനെ ഇവിടെ നിന്ന് കടത്തിയെന്നതും എവിടെയെല്ലാം എത്തിച്ച് വില്‍പ്പന നടത്തിയെന്നതും അന്വേഷിക്കുന്നുണ്ട്. ഹൈറേഞ്ച് കേന്ദ്രീകരിച്ച് വൻ വേട്ടസംഘം പ്രവര്‍ത്തിക്കുന്നതായി കൂടി സ്ഥിരീകരിക്കപ്പെടുകയാണ്.