കുടുംബം തകർക്കുന്ന പണിയാണ് കാണിച്ചത്, പിണറായി അനുഭവിക്കും – ഉഷ ജോർജ്

 

കോട്ടയം/ കുടുംബം തകർക്കുന്ന പണിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ചതെന്ന് പി.സി.ജോര്‍ജിന്റെ ഭാര്യ ഉഷ ജോർജ്. വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കും – ഉഷ ജോർജ് പറഞ്ഞു.

പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ജോർജിന്റെ ഭാര്യ ഉഷ ജോർജ് ആരോപിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കാട്ടുന്നത്. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി.ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്. – ഉഷ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഒന്നും ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഇതിനൊക്കെ പിണറായി അനുഭവിക്കുമെന്നും ഉഷ പറയുന്നു.

അതേസമയം പരാതിക്കാരിയെ പീഢിപ്പിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു എങ്കിൽ ഇന്ന് നിയമ സഭ തന്നെ ഏറെ കാലിയായേനേ എന്നാണ് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് പ്രതികരിച്ചിരിക്കുന്നത്. പീഡനകേസിൽ മുൻ എം എൽ എ പി സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഷോൺ ജോർജ്. പരാതിക്കാരിയെ ഫെബ്രുവരി 10-ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറിൽ പറയുന്നത്. ശരീരത്ത് തൊട്ടു, ബല പ്രയോഗത്തിനു ശ്രമിച്ചു എന്നാണ്‌ പരാതി.

കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വലിയ അഴിമതികളെല്ലാം പുറത്തുവരാൻ പോകുന്നു. ജ്യോത്സ്യന്മാർ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു. വണ്ടി മാറ്റി, വലിയ ആകുലത ഉണ്ട്. എങ്കിൽപ്പോലും കാര്യങ്ങൾ അങ്ങോട്ട് ശരിയാകാത്തത് കൊണ്ട് പിണറായി വിജയന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്നും ഷോൺ പറഞ്ഞു.