നഗ്നനായി പുറത്തുപോകുന്നത് വിലക്കിയ അമ്മയെയും രണ്ട് അയൽക്കാരെയും യുവാവ് അടിച്ച് കൊന്നു

ശ്രീനഗർ. ഉടുവസ്ത്രം ഒന്നും ഇല്ലാതെ പൂർണ നഗ്നനായി വീടിന് പുറത്തുപോകുന്നത് തടഞ്ഞ അമ്മയെയും രണ്ട് അയൽക്കാരെയും മനോദൗർബല്യമുള്ളയാൾ അടിച്ചുകൊന്നു. ജമ്മു കശ്മീരിൽ വീടിന് പുറത്തുപോകുന്നത് തടഞ്ഞ അമ്മയോട് പ്രകോപിതനായ ആൾ അമ്മയെ മർദ്ദിക്കുന്നത് തടയാനെത്തിയവരെയും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ബേക്കറി നടത്തുന്ന ജാവിദ് അഹ്മദ് റാതർ ആണ് ഇങ്ങനെ മൂന്നുപേരെ വധിച്ചത്. അമ്മയെ രക്ഷിക്കാനെത്തിയ അയൽക്കാരായ രണ്ടു പേരെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ഹാഫിസ ബീഗം, മുഹമ്മദ് അമീൻ ഷാ, ഗുലാം നബി ഖദിം എന്നിവരാണു കൊല്ലപ്പെട്ടത്.

നഗ്നനായി പുറത്തുപോകുന്നത് വിലക്കിയതിനാലാണ് ജാവിദ് ഹാഫിസയെയും മറ്റുള്ളവരെയും വടികൊണ്ട് ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അമ്മയെ വധിച്ച ശേഷം കണ്ണിൽകണ്ടവരെയെല്ലാം ഇയാൾ ആക്രമിക്കുകയാണ് ഉണ്ടായത്. ഒരു ദിവസം മുൻപ് നഗ്നനായി മാർക്കറ്റിലൂടെ നടന്നതിനെത്തുടർന്ന് ഇയാളെ പൊലീസ് പിടികൂടി വീട്ടിലെത്തിക്കുകയായിരുന്നു.