യുവാവിനെ തിയേറ്റര്‍ കോംപൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: തിയേറ്ററിലെ താല്‍കാലിക ജീവനക്കാരനായ യുവാവിനെ തിയേറ്റര്‍ കോംപൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര നെല്ലിക്കുഴി സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. തിയേറ്റര്‍ കെട്ടിടത്തില്‍നിന്ന് താഴെവീണാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.

പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജീവനക്കാരനായിരുന്നു ഭരത്. ഒരു മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഭരത്തിനെ ആദ്യം കണ്ടത്.

ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി യുവാവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.