തലസ്ഥാനത്ത് തിയേറ്ററിൽ അർദ്ധന​ഗ്നനായി മുട്ടിൽ ഇഴിഞ്ഞ് കവർച്ച, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : തലസ്ഥാനത്ത് തീയേറ്ററിൽ മോഷണശ്രമം. അർദ്ധന​ഗ്‍നനായി മോഷണം നടത്തിയ പ്രതി സിസിടിവി ക്യാമറയിൽ കുടുങ്ങി. ആറ്റിങ്ങലിലെ ഒരു തിയേറ്ററിലാണ് സംഭവം. കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ രണ്ട് യുവതികളുടെ പഴ്സ് മോഷണം പോയിരുന്നു.

ഇവരുടെ പരാതി നൽകിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. പ്രതി ടിക്കറ്റെടുത്ത് സിനിമ കാണാനെന്ന പേരില്‍ ആദ്യം ഉള്ളിൽ കടക്കുകയും, സീറ്റിൽ ഇരിക്കുന്നവരെ നോക്കി വയ്ക്കുകയും ചെയ്‌തു.

യുവാവ് ഇന്റർവെൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്നു. തുടർന്ന് വിവസ്ത്രനായി മുട്ടിൽ ഇഴഞ്ഞു ഓരോരുത്തരുടേയും സീറ്റിന് അടുത്തെത്തി മോഷണം നടത്തുകയായിരുന്നു. ഈ രീതിയിൽ ഇയാൾ പതിവായി മോഷണം നടത്താറുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.