തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മനയ്ക്കല്‍ ധനേഷിനെ(32)യാണ് തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

പ്രതി കഴിഞ്ഞവര്‍ഷം ക്ഷേത്രത്തിൽ കുറച്ചുകാലം ജോലിചെയ്ത് തിരുവാഭരണം കൈക്കലാക്കി അതേ മാതൃകയിലുള്ള മുക്കുപണ്ടം തിരികെ വെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ജോലി മതിയാക്കിപ്പോയി.

ക്ഷേത്രോത്സവത്തിന് തിരുവാഭരണപരിശോധന നടത്തിയപ്പോഴാണ് ക്ഷേത്രഭാരവാഹികള്‍ വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.