തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബൈസ്റ്റാന്‍ഡറെ മര്‍ദ്ദിച്ച സംഭവം; രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ സതീശനെയാണ് ഇനി പിടികൂടാനുള്ളത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ചിറയിന്‍കീഴ് സ്വദേശി അരുണ്‍ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. അരുണ്‍ ദേവിന്റെ അമ്മൂമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് മൂന്ന് പേര്‍ മര്‍ദ്ദിച്ചതെന്ന് അരുണ്‍ദേവ് പറഞ്ഞു. അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ആള്‍ ഇത് മൊബൈലില്‍ ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെയും ആക്രമിക്കാന്‍ ശ്രമിച്ചു. വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇവര്‍ കുടുങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സൂപ്പര്‍സെഷ്യാലിറ്റി ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ് എടുത്തിരുന്നു.