തൊഴിലുറപ്പിൽ വന്നു ഒപ്പിട്ട് ഇടതു പരിപാടിക്ക് എത്തിക്കോ ,ഇല്ലെങ്കിൽ വിവരമറിയും

നാട്ടിൽ എവിടെ ഇടതു സർക്കാരിന്റെ പരിപാടി വന്നാലും തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമാധാനമില്ല,ഇപ്പോഴിതാ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ഉറക്കം കെടുത്തിയത് . ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടൻ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നു,ഈസമയം അവിടെ തൊഴിലുറപ്പ് തൊഴിലാളികൾ ഉണ്ടായിരിക്കണം എന്ന് കർശന നിർദേശം. അതായത് ഷർട്ട് ഒക്കെ ഇട്ടു നിങ്ങൾ തൊഴിലുറപ്പ് ജോലിക്കായി വന്നു ഒപ്പിടുക പിന്നാലെ എല്ലാരും സ്വീകരണത്തിന് നല്ല സെറ്റ് സാരിയും ഇട്ടു പോകാനാണ് തൊഴിലുറപ്പ്മേറ്റ് നിർദേശം നൽകിയത്.കോട്ടയം വിജയപുരത്താണ് സംഭവം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തൊഴിലാളികൾക്ക് നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി പറഞ്ഞു. പഞ്ചായത്ത് മെമ്പർ പറഞ്ഞതനുസരിച്ചാണ് തൊഴിലാളികൾക്ക് നിർദേശം നൽകിയതെന്നാണ് മേറ്റ് ജ്യോതി പറയുന്നത്. നേരത്തേ ഇടതു സർക്കാറിന്റെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമാനമായ നിർദേശം നൽകിയതും വാർത്തയായിരുന്നു.

ഇതിനിടെ സിപിഎം പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിചാ വാർത്തകളും ആലപ്പുഴ പുന്നപ്രയിൽ നിന്ന് വരുന്നു.പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് മേറ്റിന്റെ വീട്ടില്‍ വെച്ച് സിപിഎമ്മിന്റെ യോഗംനടന്നിരുന്നു.

ലേബര്‍ മീറ്റിങ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യമുള്ളതിനാല്‍ പലര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം തൊഴിലെടുക്കാന്‍ ചെന്ന തൊഴിലാളികള്‍ക്ക് മേറ്റ് തൊഴില്‍ നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ തൊഴില്‍ നിഷേധിക്കപ്പെട്ടവര്‍ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ഓംബുഡ്‌സ്മാന്‍ അടക്കം ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ സിപിഎമ്മിന് വേണ്ടി പുന്നപ്രയില്‍ ദുരുപയോഗം ചെയ്യുകയാണ്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പഞ്ചായത്താണിത്. നേരത്തെ മൂന്നാം വാര്‍ഡില്‍ അടക്കം മസ്റ്റ്‌റോളില്‍ ഒപ്പിട്ട ശേഷം തൊഴിലെടുക്കാതെ ഒരു വിഭാഗം തൊഴിലുറപ്പ് തൊഴിലാളികള്‍ സിപിഎം പരിപാടിക്ക് പോയത് വിവാദമായിരുന്നു.

സിപിഎമ്മിന്റെ പരിപാടികളില്‍ ആളെക്കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്. നേരത്തെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ തട്ടിപ്പ് നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അതേസമയം, നാം മനസിലാക്കേണ്ടത് തൊഴിലുറപ്പ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്‌.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാണ്‌ പേരു തന്നെ. ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി പ്രവർത്തിക്കുന്നത്. അല്ലാതെ ഇത്തരം സഖാക്കൾ അല്ല ഈ തൊഴിലുറപ്പ് പദ്ധതിക്കു പിന്നിൽ എന്ന് ജനം മനസിലാക്കുക.