ആന്റണി രാജുവിന് ആശ്വാസം ; തൊണ്ടിമുതല്‍ കേസിൽ തുടര്‍നടപടികള്‍ റദ്ദാക്കി

തിരുവനന്തപുരം : മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസ്സമല്ല.

മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നതാണ് കേസ്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വര്‍ഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കോടതിയുടെ തീരുമാനത്തിൽ ദൈവത്തിനു നന്ദിയെന്നും വേട്ടയാടിയവരോട് ദൈവം ക്ഷമിക്കട്ടേയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗുഢാലോചനയായിരുന്നു കേസ്. ഉമ്മന്‍ചാണ്ടിയും വിഎസ് ശിവകുമാറും കൂട തന്നെ കേസില്‍പ്പെടുത്തിയതാണെന്നും ആന്റണി രാജു പ്രതികരിച്ചു.