വന്ദേ ഭാരതിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാവും, എല്ലായിടത്തും നിർത്തിയാൽ വന്ദേ ഭാരതാകില്ല

കൊച്ചി . വന്ദേ ഭാരതിനെ തടയുന്നവർക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്നും, എല്ലായിടത്തും നിർത്തിയാൽ വന്ദേ ഭാരതാകില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നൂറു ചോദ്യങ്ങൾ ചോദിക്കുമെന്ന് പറയുന്നവർ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളെങ്കിലും ചോദിക്കണം. നാല് കേരള സഭകൾ നടന്നിട്ടും എന്ത് പ്രയോജനമുണ്ടായി? വിമർശനങ്ങൾ യുവം പരിപാടിക്ക് കൂടുതൽ പ്രചാരം നൽകും. സംസ്ഥാനത്തെ പ്രധാനപ്പെട്ട ക്രൈസ്തവ മതമേലധ്യക്ഷൻമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. – കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിലവാരത്തകര്‍ച്ച നേരിടുന്നു. കാലങ്ങൾക്കു മുൻപ് വിദ്യാഭ്യാസ രംഗത്ത് മുന്നേറിയ സംസ്ഥാനമാണ് കേരളം, എന്നിട്ടും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. വിദേശത്ത് വിദ്യാർത്ഥികൾ പഠിക്കാൻ പോകുമ്പോഴും വിദേശ സർവകലാശാലകളുടെ ഓഫ് ക്യാമ്പസുകൾ വരാൻ കേരളത്തിൽ സമ്മതിക്കുന്നില്ല. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

പ്രതിപക്ഷ വിമർശനം പ്രധാനമന്ത്രിയുടെ യുവം പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുകയാണ്. എല്ലാവരും യുവാക്കളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ സംസ്ഥാന രാഷ്ട്രീയ വിഷയം തന്നെയാണെന്നും അതുകൊണ്ടാണ് ബിജെപി ഈ വിഷയം ഏറ്റെടുക്കുന്നതെന്നും കെ സുരേന്ദ്രൻ പറയുകയുണ്ടായി. സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇതു സംബന്ധിച്ച് ഒരു വർഷം തുടർച്ചയായി സംവാദം സംഘടിപ്പിക്കും – സുരേന്ദ്രന്‍ വ്യക്തമാക്കി.