സമാധാനവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെച്ച് പൊറുപ്പിക്കില്ല.

ന്യൂദല്‍ഹി. രാജ്യത്ത് സമാധാനവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവർ ആരായാലും അവർക്ക് തക്ക മറുപടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രശസ്ത മാര്‍വാടി യോദ്ധാവ് വീര്‍ ദുര്‍ഗദാസ് റാത്തോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവേ ഇക്കാര്യത്തിൽ രാജ്യത്തിന് താൻ ഉറപ്പ് നല്‍കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നൽകും. രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ ആരെയും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘പ്രതിപക്ഷം പറയുന്നു ചൈന ഇത് ചെയ്തു എന്ന്. എന്നാല്‍ രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാകുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ഞങ്ങളുടെ പ്രദേശത്തേക്ക് ഞങ്ങള്‍ ആരെയും നുഴഞ്ഞുകയറാന്‍ അനുവദിച്ചിട്ടില്ല,’ രാജ്നാഥ് സിംഗ് പറഞ്ഞു.

രാജസ്ഥാനിലെ ജോധ്പൂരില്‍ പ്രശസ്ത മാര്‍വാടി യോദ്ധാവ് വീര്‍ ദുര്‍ഗദാസ് റാത്തോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ആര്‍ക്കും എന്തും പറയാം, പക്ഷേ ചില സംഭവങ്ങള്‍ രണ്ടോ മൂന്നോ ആളുകള്‍ക്ക് അറിയാം. അത് പരസ്യമാക്കാന്‍ കഴിയുന്നതല്ല. പക്ഷേ നിങ്ങള്‍ അതെല്ലാം അറിഞ്ഞാല്‍ അഭിമാനിക്കും എന്ന് എനിക്ക് ഉറപ്പാണ്. രാജ്നാഥ് സിംഗ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മൂലം ലോകത്തെ ഏറ്റവും മികച്ച 25 പ്രതിരോധ കയറ്റുമതിക്കാരില്‍ ഇടം നേടാൻ ഇന്ത്യക്കായി. ‘ഈ ദശകത്തിന്റെ അവസാനത്തോടെ, ഇന്ത്യ സ്വയം പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, സൗഹൃദ വിദേശ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ശക്തമായ സൈന്യത്തെ കെട്ടിപ്പടുക്കാന്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം രാജ്‌നാഥ് സിംഗ് എടുത്ത് പറഞ്ഞു. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പ്രകാരം സായുധ സേനയ്ക്കായി തദ്ദേശീയ ആയുധങ്ങള്‍ / പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കുന്നതിന് പ്രതിരോധ മന്ത്രാലയം നിരവധി പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി നേതാക്കള്‍ പറയുന്നതും ചെയ്യുന്നതും തമ്മില്‍ വ്യത്യാസമില്ല. രാഷ്ട്രീയക്കാര്‍ പറയുന്നതിലും അവര്‍ ചെയ്യുന്നതിലും വ്യത്യാസമുണ്ടെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ബി ജെ പി പറയുന്നത് ചെയ്യുന്നു. വീര്‍ ദുര്‍ഗാദാസ് റാത്തോഡിനെ പോലുള്ള മണ്ണിന്റെ മക്കളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ പ്രചോദനം ലഭിക്കുന്നത്. രാജ്‌നാഥ് സിംഗ് പറഞ്ഞു.