ചിന്ത ജെറോമിന്റെ ഡോക്‌ടറേറ്റ് റദ്ദാക്കണം, ഗവർണർക്കും വിസിക്കും പരാതി

തിരുവനന്തപുരം. യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനായി സമർപ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ചു പുനഃപരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പ്രോ വൈസ് ചാൻസലർ പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർവകലാശാല വൈസ് ചാൻസലർക്കും (വിസി) പരാതി നൽകി.

ചിന്തയുടെ ഗൈഡ് പി.പി. അജയകുമാറിനെ കോളജ് അധ്യാപകർക്ക് ഹൃസ്വകാല പരിശീലനം നൽകാൻ യുജിസിയുടെ നിർദേശാനുസരണം ആരംഭിച്ച എച്ച്ആർഡിസി സെന്റർ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ചിന്ത ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നും പകർത്തിട്ടുള്ളതാണെന്നതിനു വ്യക്തമായ തെളിവുകൾ പുറത്തു വന്നിരിക്കുകയാണ്. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നു പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. – സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പറയുന്നു.

അക്കാദമിക് പ്രോഗ്രാമുകളുടെ സർഗ സ്വഭാവവും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടു കളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുത് – സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പറയുന്നു.

സർവകലാശാല വൈസ് ചാൻസലർ, സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അതിനാൽ ക്രമക്കേടുകൾക്ക് വിസി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.