ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; അള്ളാഹു അക്ബര്‍ എന്നാര്‍ത്ത് വിളിച്ച് ഭീകരന്‍ സ്ത്രീയെ കഴുത്തറുത്ത് കൊന്നു

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. ഫ്രാന്‍സിലെ നോത്ര പള്ളിയിലാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ടുപേരെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഭീകരന്‍ ഒരു സ്ത്രീയെ കഴുത്തറത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ അലറി വിളിച്ചുകൊണ്ടാണ് ഭീകരന്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

നടന്നത് തീവ്രവാദമാണെന്ന് നൈസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററിലൂടെ പറഞ്ഞു. ആക്രമണത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്തതിനുശേഷവും ആക്രമണകാരി അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചുകൊണ്ടിരിക്കുകയായിരുന്നു. പള്ളിക്കകത്ത് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പള്ളി വാര്‍ഡന്‍ ആണെന്നാണ് കരുതുന്നത്.

ഭീകരാക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായി ഫ്രാന്‍സിലെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞദിവസം പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച ചരിത്ര അധ്യാപകന്‍ സാമുവല്‍ പാറ്റിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. അതിന്റെ ഞെട്ടല്‍ മാറുംമുന്‍പേയാണ് ഫ്രാന്‍സിനെ നടുക്കി വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ആദ്യ കൊലപാതകത്തിന്റെ തുടര്‍ച്ചയായിത്തന്നെയാണോ ഇപ്പോള്‍ രണ്ടാമതും കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്ന് അന്വേഷണത്തിലാണ് പോലീസ്.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രചരിച്ചതിന് ശേഷം, ഫ്രാന്‍സിനെ ലക്ഷ്യമാക്കി തുടര്‍ച്ചയായ ഭീഷണികള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. കൊലപാതകം നടത്തി രക്ഷപ്പെടാനൊരുങ്ങിയ പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് വെടിയേറ്റിരുന്നു. ഇയാള്‍ മരിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ എത്തിച്ചതായും മേയര്‍ ട്വിറ്ററിലൂടെ അറിയിച്ചു.