ഡെല്‍റ്റാ പ്ലസ് വകഭേദം: മഹാരാഷ്ട്രയില്‍ മൂന്ന് മരണം

മുംബൈ: കോവിഡ് വൈറസിന്റെ ഡെല്‍റ്റാ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയില്‍ മൂന്ന് മരണങ്ങള്‍. രത്നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. സംസ്ഥാനത്ത് ഡെല്‍റ്റാ പ്ലസ് വകഭേദം മൂലമുള്ള കേസുകള്‍ 65 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം 20 പേര്‍ക്കാണ് ഡെല്‍റ്റാ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 20 രോഗികള്‍ക്കാണ് ഡെല്‍റ്റാ പ്ലസ് പോസിറ്റീവായത്. പുതിയതായി രോഗബാധ തിരിച്ചറിഞ്ഞ 20 രോഗികളില്‍ ഏഴ് പേര്‍ മുംബൈയിലാണ്. പുണൈയില്‍ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളത്. 19 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഡെല്‍റ്റാ പ്ലസ് വൈറസ് ബാധിച്ചവരില്‍ അധികവും. 46 മുതല്‍ 60 വയസു വരെയുള്ള പ്രായമുള്ളവരില്‍ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേര്‍ക്കും ഡെല്‍റ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.