പ്രര്‍ത്ഥനകള്‍ വിഫലം, അപൂര്‍വ രോഗം ബാധിച്ച കുരുന്ന് മേല്‍വ യാത്രയായി

കുമളി: ലോകത്തിന്റെ കാരുണ്യത്തിനും കരുതലിനും കാത്തു നില്‍ക്കാതെ മൂന്ന് വയസുകാരി മേല്‍വ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഓട്ടോ ഇമ്യൂണ്‍ എന്‍സഫലൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു മേല്‍വ മരിയ. ഏവരുടെയും പ്രാര്‍ത്ഥന വിഫലമാക്കി ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

പത്തുമുറി പഴയംപള്ളിയില്‍ ജിജോ-മെറിന്‍ ദമ്പതികളുടെ മകളാണ് മേല്‍വ. കുരുന്ന് ജീവിതത്തിലേക്ക് മടങ്ങി വരാനായി നിരവധി പേര്‍ സാമ്പത്തികമായി സഹായിക്കുകയും പ്രാര്‍ത്ഥനയുമൊക്കെയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ വിയോഗം ഇപ്പോള്‍ തീരാ നൊമ്പരമായിരിക്കുകയാണ്.

ജൂണ്‍ 18നാണ് കുട്ടിക്ക് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി തലച്ചോറിലെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്ന അപൂര്‍വ രോഗമായിരുന്നു മേല്‍വയ്ക്ക്. തുടര്‍ന്ന് പാലായിലെ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ കോവിഡും തുടര്‍ന്ന് ന്യുമോണിയയും കുഞ്ഞിനെ പിടികൂടിയതോടെ അവസ്ഥ ഗുരുതരമായി.

മേല്‍വയുടെ രോഗവിവരവും ഭാരിച്ച ചികിത്സച്ചെലവും സംബന്ധിച്ച് മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതോടെ ഒട്ടേറെ പേര്‍ ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തി. കുട്ടിയുടെ ചികിത്സാ സഹായത്തിനായി കഴിഞ്ഞ ദിവസം നടത്തിയ ബിരിയാണി ചാലഞ്ചിലൂടെ ലഭിച്ച 2 ലക്ഷം രൂപ കുടുംബത്തിനു കൈമാറുമെന്ന് സിപിഎം കുമളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ഐ.സിംസണ്‍ പറഞ്ഞു.