കാര്‍ മറിഞ്ഞു, രക്ഷിക്കാനെത്തിയ നാട്ടുകാര്‍ ആ കാഴ്ച കണ്ടു, ഒടുവില്‍ അറസ്റ്റ്

ചെങ്ങന്നൂരില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞതോടെ കാറില്‍ ഉണ്ടായിരുന്നവരെ രക്ഷിക്കാനായി ആളുകള്‍ ഓടി കൂടി. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ അത് പെടുന്നത്. മറ്റൊന്നുമല്ല കഞ്ചാവ് പൊതികള്‍. ഒടുവില്‍ നാട്ടുകാര്‍ തന്നെ പോലീസിനെ വിളിച്ചുവരുത്തി. ഇേേതാടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അടൂര്‍ പഴകുളം സ്വദേശികളായ ഷൈജു, ഫൈസല്‍, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിക്ക് സമീപമാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുന്നത്. ഇവര്‍ തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു. കാര്‍ മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ നാട്ടുകാരാണ് കാറില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. നിസാര പരുക്കുകളേറ്റ യുവാക്കളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ കഞ്ചാവ് പൊതികള്‍ എടുക്കാനായിരുന്നു അവരുടെ ശ്രമം. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൊതികളില്‍ കഞ്ചാവ് ആണെന്ന് വ്യക്തമായത്. കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപെട്ടു .

പിടിയിലായ ഷൈജുവിന്റെ പേരില്‍ പത്തനംതിട്ട, നൂറനാട്,അടൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം അടക്കമുള്ള നിരവധി കേസുകളുണ്ട്. ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്‌ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.