പോപ്പുലർ ഫ്രണ്ട് ഹർത്താൽ, കണ്ണൂരിൽ വാഹനത്തിനു നേരെ പെട്രോൾ ബോംബേറ്

പോപുലർ ഫ്രണ്ട് ഹർത്താലിനിടെ കണ്ണൂരിൽ പെട്രോൾ ബോംബേറ്. ഉളിയിൽ നരയൻപാറയിലാണ് വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.

കണ്ണൂരിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ച അവസ്ഥയിലാണ്. അപൂർവം ചില കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. വളപട്ടണത്തും തളിപറമ്പിലും ടയറുകൾ റോഡിലിട്ട് കത്തിച്ചു. പൊലീസെത്തി ഇവ നീക്കം ചെയ്തു.

അതേ സമയം ആലപ്പുഴയിലും കോഴിക്കോട്ടുമാണ് റോഡിൽ ഇറങ്ങിയ വാഹനങ്ങൾക്ക് നേരെ പോപ്പുലർ ഫ്രണ്ടുകാർ കല്ലേറിഞ്ഞു ആലപ്പുഴയിൽ സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസിനു നേരെയും രണ്ട് ലോറികൾക്ക് നേരെയും കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കോഴിക്കോട്ടും രണ്ട് കെഎസ്ആർടിസി ബസുകൾക്ക് നേരെയും കല്ലേറുണ്ടായി.

തിരുവനന്തപുരം കാട്ടാക്കടയിൽ പോപ്പുലർ ഫ്രണ്ടുകാർ റോഡിൽ വാഹനങ്ങൾ തടഞ്ഞു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കുവാൻ കർശന നടപടിക്ക് ഡിജിപി നിർദേശം നൽകി. സമരക്കാർ പൊതുസ്ഥലത്ത് കൂട്ടം കൂടരുതെന്നും. കടകൾ അടപ്പിക്കുന്നവർക്കെതിരെ കേസെടുക്കുവാനും അറസ്റ്റ് ചെയ്യുവാനുമാണ് നിർദേശം.