വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം, ടിനി ടോം

ജീവിതത്തിലുടനീളം വേദനകൾ അനുഭവിച്ച് ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ് പ്രിയ താരം ശരണ്യ ശശി. വേദനയിൽ പിടയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഏവർക്കും ഊർജം പകർന്ന ശരണ്യ അനിവാര്യമായി വിധിയുടെ വിളിയിൽ ഇപ്പോൾ മടങ്ങിയിരിക്കുകയാണ്. സർജറികളുടെയും കീമോകളുടെയും മരുന്നുകളുടെയും നടുവിൽ നിന്നും സോഷ്യൽ മീഡിയയ്ക്ക് മുന്നിലെത്തുമ്പോൾ നിറ ചിരിയായിരുന്നു ആ മുഖത്ത്. ഒരിക്കൽ പോലും തന്റെ വേദനകൾ മറ്റുള്ളവരിലേക്ക് പകരാൻ ശരണ്യ സമ്മതിച്ചിട്ടില്ല.

ശരണ്യയുടെ മരണം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ശരണ്യയ്ക്ക് ആദരാഞ്ജലികളുമായി നടൻ ടിനി ടോമുമെത്തി. തിരുവനന്തപുരത്തെ സ്നേഹസീമ എന്ന ശരണ്യയുടെ വസതിയിലെത്തിയാണ് നടൻ ആദരാഞ്ജലികൾ അർപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു. ‘ശരണ്യ മോളെ വിട… വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാമെന്ന് ടിനി ടോം കുറിച്ചു

ഞെട്ടലോടെയാണ് ശരണ്യയുടെ മരണവാർത്ത അറിഞ്ഞതെന്നും വാർത്ത അറിഞ്ഞ ഉടൻ തിരുവനന്തപുരത്തേയ്ക്ക് തിരിക്കുകയായിരുന്നുവെന്നും ടിനി പറയുന്നു. ‘വേദന ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി എന്ന് വിചാരിച്ച്‌ നമുക്ക് സമാധാനിക്കാം. വേദന ഒരുപാട് സഹിച്ചാണ് അവൾ വിടപറഞ്ഞത്. സ്വന്തമായി ഒരു വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ അവൾക്ക് സാധിച്ചിരുന്നു. സീമ ജി. നായർ ഇവിടെയുണ്ട്. ശരണ്യയ്ക്കു വേണ്ടി കഷ്ടപ്പെട്ടു, അവളുടെ ആയുസിനു വേണ്ടി പ്രാർഥിച്ചെന്നും ടിനി ടോം പറഞ്ഞു

കോവിഡ് ബാധിച്ച് മെയ് 23നാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. ഇന്നലെ അമ്മയെ സ്‌നേഹ സീമയിൽ തനിച്ചാക്കി ശരണ്യ യാത്രയായി.