സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വയസ്

മുംബൈ. രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിനാല് വർഷം തികയുന്നു. 2008 നവംബർ 26ന് മുംബൈ നഗരത്തെ അക്ഷരാർത്ഥത്തിൽ നടുക്കിക്കൊണ്ട് അരങ്ങേറിയത്, ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഭീകരാക്രമണമായിരുന്നു. പത്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ മഹാനഗരത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണ പരമ്പര മൂന്ന് ദിവസത്തോളം രാജ്യത്തെയും മുംബൈയേയും മുൾമുനയിൽ നിർത്തുകയാ യിരുന്നു.

താജ്‌മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളെ ഭീകരർ ചോരക്കളമാക്കി മാറ്റി. തോക്ക്, ഗ്രനേഡ്, മറ്റ് സ്‌ഫോടക വസ്‌തുക്കൾ എന്നിവ ഉൾപ്പെടയുള്ള മാരകായുധങ്ങളുമായാണ് നഗരഹൃദയത്തിൽ അക്രമം അഴിച്ചുവിടുന്നത്. രാജ്യത്തെ ഇന്റലിജൻസ് ഉൾപ്പെടെ സുരക്ഷാ സംവിധാങ്ങളെ ഞെട്ടിച്ച സംഭവത്തിൽ 22വിദേശികളടക്കം 166 പേരോളം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

മുന്നൂറിലധികം പേർക്കാണ് ആക്രമണത്തിൽ പരിക്കേൽക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ആൾക്കൂട്ടത്തിന് നേരെ നിർദാക്ഷിണ്യം വെടിയുതിർത്ത ഭീകരർ വൃദ്ധരെന്നോ, കുട്ടികളെന്നോ പോലും പരിഗണനയില്ലാതെ ആളുകളെ കൊന്നൊടുക്കിയപ്പോൾ സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായി ആ സംഭവം മാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സുരക്ഷാ സേനകള്‍ സംഭവത്തിൽ വധിക്കുന്നത്. ഇതിനിടയിൽ 22 സൈനികര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയും ഉണ്ടായി.

അജ്‌മല്‍ കസബ് ഒഴികെ ആക്രമണത്തിന് നേതൃത്വം നൽകിയ ഭീകരരില്‍ മറ്റ് ഒന്‍പതുപേരും സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. ജീവനോടെ പിടികൂടിയ അജ്‌മല്‍ അമീര്‍ കസബിനെ 2012 നവംബര്‍ 21ന് തൂക്കിലേറ്റി. മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ, എൻകൗണ്ടർ സ്‌പെഷ്യലിസ്‌റ്റ് വിജയ് സലസ്‌കർ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരിൽ പെടും.

നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോമാരായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ, ഹവിൽദാർ ഗജേന്ദ്ര സിംഗ് എന്നിവർക്ക് ജീവൻ നഷ്‌ടമായി. താജ് ഹോട്ടൽ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയ ഭീകരർക്ക് എതിരായ പോരാട്ടത്തിലാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ വീരമൃത്യു വരിക്കുന്നത്. സമാധാന കാലത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോക ചക്ര നൽകി മരണാനന്തരം ആദരിക്കപ്പെട്ടെങ്കിലും ഭീകരർക്കെതിരെ സധൈര്യം പോരാടിയ സന്ദീപ് ഇന്നും രാജ്യത്തിനൊരു ഒരു നോവായി ശേഷിക്കുകയാണ്.

മുംബൈ നഗരത്തിലെ മർമ്മപ്രധാന കേന്ദ്രങ്ങൾ, നവംബർ 26 മുതൽ 29 വരെയുള്ള മൂന്ന് ദിവസത്തിനിടയിൽ ഏകദേശം അറുപത് മണിക്കൂറുകളോളമാണ് ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്. ഇതിനിടയിൽ അസംഖ്യം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, അംഗഭംഗം സംഭവിക്കുകയും ചെയ്തിരുന്നു. ഉറ്റവരെ നഷ്‌ടപ്പെട്ട അനേകം പേരുടെ ദയനീയമായ നിലവിളികൾക്ക് ഇടയിലും അജ്‌മൽ അമീർ കസബ് എന്ന ഭീകരന് യാതൊരു കൂസലുമുണ്ടായിരുന്നില്ല എന്നതാണ് ഭീകരത താണ്ഢമാടിയ ആ ദിവസങ്ങൾ രാജ്യത്തെ ഓർമ്മപ്പെടുത്തുന്നത്.