‘അംഗീകരിക്കാന്‍ ഇനിയും വൈകുന്നുണ്ടെങ്കില്‍ നമുക്കെന്തൊ പ്രശ്നമുണ്ട്; ശ്രീജേഷിനെ അവഗണിക്കരുതെന്ന് ടോം ജോസഫ്

ടോക്യോ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫ്. ചുരുങ്ങിയത് സ്വയം ശ്രമത്താല്‍ ഉന്നതിയിലെത്തുമ്പോഴെങ്കിലും അംഗീകരിക്കാനുള്ള മനസു കാട്ടണം. ശ്രീജേഷിനെ അവഗണിക്കരുതെന്നും ടോം ജോസഫ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ കാര്യം നടത്തുന്നവര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. കേരളത്തില്‍ നിന്ന് ഒരുവനിതാ അത്ലറ്റ് പോലും ഒളിംപിക്സിന് യോഗ്യത നേടാത്തത് ഈ തിരസ്‌കാരം മൂലമാണെന്നും ടോം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇനിയും വൈകുന്നുണ്ടെങ്കില്‍ നമുക്കെന്തൊ പ്രശ്നമുണ്ട്. ചില നേട്ടങ്ങള്‍ മനപൂര്‍വം നാം തിരസ്‌കരിക്കുന്നുണ്ടെങ്കില്‍, അപ്പോഴും നമുക്കെന്തോ പ്രശ്നമുണ്ട്. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാന്‍ ‘കാര്യം നടത്തുന്നവര്‍ക്ക് ‘ സാധിച്ചിട്ടുണ്ടാവില്ല. കൂടെ നില്‍ക്കുന്നവര്‍ക്കെങ്കിലും അതൊന്ന് പറഞ്ഞു കൊടുത്തു കൂടെ. എന്തുകൊണ്ട് കേരളത്തില്‍ നിന്ന് ഒരുവനിതാ അത്ലറ്റ് പോലും ഒളിംപിക്സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ട്.

സ്വപ്ന നേട്ടമാണ് ശ്രീജേഷ് കൈവരിച്ചത്. ഏതൊരു കായിക താരവും കൊതിക്കുന്നത്. കേരളത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നത്. ഒഡീഷയെ നോക്കാം, ഹരിയാനയെ നോക്കാം, ആന്ധ്രയും, തെലങ്കാനയും മത്സരിക്കുന്നു. ഒരേയൊരു ശ്രീജേഷെ നമുക്കുള്ളു. ഗ്രാമീണ കളിക്കളങ്ങളില്‍ നിന്നുയര്‍ന്നു വന്നവരെ നമുക്കുള്ളു. ചുരുങ്ങിയത് സ്വയം ശ്രമത്താല്‍ ഉന്നതിയിലെത്തുമ്പോഴെങ്കിലും അംഗീകരിക്കാനുള്ള മനസു കാട്ടണം. ശ്രീജേഷിനെ അവഗണിക്കരുത്’.