രാജ്യത്ത് പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 ഒമിക്രോൺ രോഗികൾ, നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് തീവ്രവ്യാപന സാധ്യതയില്ല

രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേർക്ക് ഒമിക്രോൺ ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ള ഡൽഹിയിലും മഹാരാഷ്ട്രയിലുമായി 54 പേരുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 77 പേർ രാജ്യം വിടുകയോ രോഗം ഭേദമാവുകയോ ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വകഭേദത്തിൻറെ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ അഞ്ച് ആശുപത്രികൾ ഒമിക്രോൺ ചികിത്സയ്ക്ക് മാത്രമാക്കി മാറ്റി. ബിഎംസി ഉൾപ്പടെ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികളും ശക്തമാക്കി.

അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം തീവ്രമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് കേന്ദ്രത്തിൻറെ കൊവിഡ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. വാക്സീനുണ്ടാക്കുന്ന പ്രതിരോധ ശേഷി മറികടക്കാൻ വൈറസിന് ശേഷിയുണ്ടെന്നതിനും നിലവിൽ തെളിവില്ല. വകഭേദത്തെ കുറിച്ചുള്ള സൂക്ഷ്മമായ പഠനം പുരോഗമിക്കുകയാണെന്നും ഇവർ വാർത്താ കുറിപ്പിൽ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്ഥാനങ്ങൾക്കായി അനുവദിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി പാർലമെൻറിൽ അറിയിച്ചിരുന്നു.

കേരളത്തിൽ ഇതുവരെ 15 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.