കണ്ണൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ തീകൊളുത്തി മരിച്ച നിലയില്‍

കണ്ണൂര്‍ : കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി തീകൊളുത്തി മരിച്ച നിലയില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. സ്‌നേഹയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടട സമാജ് വാദി കോളനി സ്വദേശിയാണ് സ്‌നേഹ.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീടിനുള്ളില്‍ നിന്ന് മണ്ണെണ്ണയൊഴിച്ച ശേഷം പുറത്തുവന്ന് സ്‌നേഹ തീകൊളുത്തുകയായിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ആത്മഹത്യ ശ്രമം നടത്തിയ ഉടന്‍ തന്നെ നാട്ടുകാര്‍ സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം.

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടില്ല. ട്രാന്‍സ്‌ജെന്ററുകളുടെ ഉന്നമനത്തിനായി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നയാളാണ് സ്‌നേഹ. കണ്ണൂര്‍ കീഴുന്നത്ത് നിന്നുമാണ് സ്‌നേഹ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്.