52 ദിവസത്തെ ട്രോളിംഗ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍

52 ദിവസത്തെ ട്രോളിംഗ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍ നിലവിൽ വരുന്നു. ആഴക്കടലിലെ അശാസ്ത്രീയ മിൻപിടുത്തം തടയാൻ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലവിലെ ആവശ്യം.

ട്രോളിംഗ് നിരോധനം ചുരുങ്ങിയത് 90 ദിവസമാക്കണം, മുനമ്പത്തും നീണ്ടകരയിലും വ്യാപകമായ പെയര്‍ ട്രോളിംഗ് അടിയന്തരമായി നിര്‍ത്തലാക്കണം, ആഴക്കടലിലെ അശാസ്ത്രീയ മീൻപിടുത്തം തടയാൻ വ്യാപക പരിശോധനയും നടപടിയും വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം.

മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാൻ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപം പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കുണ്ട്. ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്.