വെള്ളക്കെട്ടിൽ വീണു, തൃശ്ശൂരിൽ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂർ ജില്ലയിലെ പുന്നയൂർകുളത്താണ് സംഭവം. ചമ്മന്നൂർ പാലയ്ക്കൽ വീട്ടിൽ സനീഷ് – വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വീടിനോട്‌ സമീപത്തായുളള ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കണ്ണൂർ പുഴയിൽ കുളിക്കുന്നതിനിടെ ഇന്നലെ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ കുട്ടിക്കുള്ള തിരച്ചിൽ അരംഭിച്ചു. ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കക്കോട്ട് വയൽ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ (20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകൻ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഏറെ നേരത്തെ തിരച്ചിലിനിടയിൽ മുഹമ്മദ് ഷഫാദിനെ കണ്ടത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന് വേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴയും ഇരുട്ടുമായതിനാൽ രാത്രി 12 മണിക്ക് തിരച്ചിൽ നിർത്തുകയായിരുന്നു.

പരിസര പ്രദേശത്തെ അഞ്ച് കുട്ടികൾ കുളിക്കാൻ വന്നതായിരുന്നു. മുഹമ്മദ് ഷഫാദ് വഴുതി വീഴുകയായിരുന്നു. സിനാൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ട് പേരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവർ ഒച്ച വെക്കുകയായിരുന്നു. പരിസരവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തി.