ചിട്ടിപ്പണം ലഭിച്ചില്ല, ആത്മഹത്യാ കുറിപ്പിൽ ബാങ്ക് മാനേജരുടെ പേര്, മൃതദേഹവുമായി സഹ. സംഘം ഓഫീസിൽ പ്രതിഷേധം

തിരുവനന്തപുരം: ചിട്ടിപ്പണം ലഭിക്കാത്തതിനാൽ പ്രസിഡന്റിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. ചെമ്പഴന്തി സ്വദേശി ബിജു കുമാറാണ് സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയത്. ചിട്ടി പിടിച്ച പണം നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി.

സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. ബിജു കുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി ജയകുമാർ ആണെന്ന് എഴുതിയിരുന്നു. ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബിജെപിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. ആർ.ഡി.ഒ സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ, ആർ.ഡി.ഒ, തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.

പണം തിരിച്ചുകിട്ടാനുള്ള കൂടുതൽ പേർ സഹകരണ സംഘത്തിനെതിരേ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയാണ് സഹകരണ സംഘം ഭരിക്കുന്നത്.