‘കൈതോല പായയും, ബിരിയാണി ചെമ്പും, ചിഹ്നം കിട്ടാത്ത സ്വതന്ത്രന്മാർക്ക് രണ്ട് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ, രക്തസാക്ഷികളെ, മാപ്പ്’- പരിഹസിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം . ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കം ഉണ്ടാക്കുകയാണ്. ഉന്നതനായ ഒരു സിപിഎം നേതാവ് 2 കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തൽ.

വെളിപ്പെടുത്തലിനു പിറകെ ഒരു വശത്ത് സിപിഎമ്മിന്റെ സൈബർ ആക്രമണം ശക്തിധരൻ നേരിട്ട് കൊണ്ടിരിക്കുമ്പോൾ, മറുവശത്ത് മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും പ്രതിപക്ഷ പാർട്ടികൾ വിമർശനത്തിന്റെ കൂരമ്പുകൾ തൊടുക്കുകയാണ്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ജി ശക്തിധരൻ, സംസ്ഥാന സർക്കാരിന്റെ അഴിമതികളെ കുറിച്ച് ഇതിനകം പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.

ഫേസ് ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് വലിയ വിവാദം ഉണ്ടാക്കിയത്. തുടർന്ന് പ്രതിപക്ഷ നേതാക്കളും നിഷ്പക്ഷ നിലപാടുകാരും സിപിഎമ്മിനെ വിമർശിച്ച് രം​ഗത്ത് വരുകയായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

‘അടിസ്ഥാന വർ​ഗത്തിന്റെ ഒപ്പം നിൽക്കുന്ന പാർട്ടി. ചിഹ്നം കിട്ടാത്ത സ്വതന്ത്രന്മാർക്ക്, ഞങ്ങൾ യഥാർത്ഥ അടിസ്ഥാനവർഗ്ഗമാണെന്ന് വോട്ടർമാരെ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന രണ്ട് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ. കൈതോല പായയും. ബിരിയാണി ചെമ്പും. രക്തസാക്ഷികളെ, മാപ്പ്’- എന്നാണ് ഹരീഷ് പേരടി പരിഹസിച്ചിരിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് ഹരീഷിന്റെ ഈ പ്രതികരണം.