കെഎസ്ആര്‍ടിസി ബസുകള്‍ അപകടത്തില്‍പ്പെട്ടു

കെഎസ്ആര്‍ടിസി ബസുകള്‍ വെഞ്ഞാറമൂട്ടിലെ രണ്ട് വ്യത്യസ്തയിടങ്ങളിൽ
അപകടത്തില്‍പ്പെട്ടു. തേമ്പാമൂട്ടിലും ആലന്തറയിലുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 30 പേര്‍ക്ക് പരിക്കുപറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലന്തറയിൽ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട് നിന്നും കിളിമാനൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വെഞ്ഞാറമൂട് ഫയര്‍ സര്‍വീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കുപറ്റി.