മൂവാറ്റുപുഴയില്‍ ലഹരി വിമുക്തി കേന്ദ്രത്തില്‍ നിന്നും ഗുളികകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി. ലഹരിമുക്ത ചികിത്സയ്ക്കായി നല്‍കുന്ന ഒഎസ്ടി ഗുളികകള്‍ മോഷ്ടിച്ച രണ്ട് പേര്‍ പോലീസ് പിടിയില്‍. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ലഹരിമുക്തിക്കായി ഇതേ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരാണ് പിടിയിലായത്. തൃപ്പൂണിത്തുറ നടമ എരൂര്‍ ലേബര്‍ ജംഗ്ഷന്‍ ഭാഗത്ത് നിഖില്‍ സോമന്‍, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റിയന്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

പ്രതികള്‍ ലഹരി മുക്തിക്കായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മരുന്നുകളാണ് മോഷ്ടിച്ചത്. മൂവാറ്റുപുഴ പോലീസാണ് പ്രതികളെ പിടികൂടിയത്. നിഖിലിനെതിരെ ഹില്‍പ്പാലസ് പോലീസ് സ്‌റ്റേഷനില്‍ ലഹരിക്കേസുകളുണ്ട്. സോണിക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്.