4 കോടിയുടെ കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേർ താമരശ്ശേരിയിൽ പിടിയിലായി.

കോഴിക്കോട്. വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം വരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേർ താമരശ്ശേരിയിൽ വനം വകുപ്പിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി പ്രസാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ഫോറസ്റ്റ് വിജിലൻസും ഫ്ലയിംസ് കോളും സംയുക്തമായി നടത്തിയ നീക്കത്തിൽ ഇരുവരും അറസ്റ്റിലാവുകയായിരുന്നു.

വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്നു വനം വകുപ്പ് അറിയിച്ചു. സുഗന്ധദ്രവ്യമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉപയോഗിച്ച് വരുന്ന കസ്തൂരിയും പ്രതികളെയും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറുന്നുണ്ട്.

ആൺ കസ്തൂരി മാനുകൾ ഇണയെ ആകർഷിക്കാൻ വേണ്ടി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി. മാനുകളിലെ വയറിന്റെ ഭാഗത്തുള്ള ഗ്രന്ധികളിൽ നിന്നുമാണ് ശ്രവം ശേഖരിക്കുക. കറുപ്പോ, ചുവപ്പു കലർന്ന ഇളം തവിട്ടു നിറത്തിലോ ആണ് ഇത് കാണപ്പെടുന്നത്. പല സുഗന്ധലേപനങ്ങളുടെയും ഔഷധങ്ങളുടേയും അടിസ്ഥാന ഘടകമായി കസ്തൂരി ഉപയോഗിച്ചു വരുന്നു.

പണ്ടു കാലം മുതൽക്ക് തന്നെ സുഗന്ധവസ്തു നിർമ്മാണത്തിലെ അസംസ്കൃതവസ്തുവായി ഇതിനെ ഉപയോഗപ്പെടുത്തി വരുകയാണ്. ലോകത്തിൽ വച്ച് മൃഗങ്ങളുടെ ശരീരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണിതെന്നാണ് കണക്കാക്കപ്പെടുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കസ്തൂരിമാൻ. വേട്ടക്കാർ കസ്തൂരിമാനെ കൊന്നശേഷമാണ് കസ്തൂരി ശേഖരിക്കാറുള്ളത്. മൂന്ന് മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ് ഇത്.