ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന, രണ്ടു യുവാക്കൾ അറസ്റ്റിൽ

മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ മെസേജ് വഴി ലഹരി മരുന്ന് ആവശ്യപ്പെടുമ്പോൾ ഉടൻ ലഭിക്കുന്ന സംവിധാനവുമായി ലഹരിമരുന്ന് വിൽപനയ്ക്കിറങ്ങിയ യുവാക്കളാണ് പിടിയിലായത്.

ലഹരിമരുന്ന് ഉപഭോക്താക്കൾ ക്യൂ ആർ കോഡിൽ ആവശ്യാനുസരണമുള്ള പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് അയച്ചു നൽകുമ്പോൾ ഇതേ വാട്സാപ്പ് നമ്പറിൽ കാത്തുനിൽക്കേണ്ട സ്ഥലവും സമയവും അറിയിക്കുന്നതാണ് രീതി. കൃത്യസമയത്ത് തന്നെ പറഞ്ഞ അളവിലുള്ള മയക്കുമരുന്ന് എത്തിച്ചു നൽകുകയും ചെയ്യും.

ആർക്കാണ് പണം അയച്ചുകൊടുത്തതെന്നോ ആരാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതെന്നോ ഉപഭോക്താക്കൾക്ക് അറിവില്ല. വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിന്റെ വിളിപ്പേരിലാണ് ഈ നമ്പർ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തുന്നത്.

കാളികാവ്, കരുവാരകുണ്ട്, പാണ്ടിക്കാട്, നിലമ്പൂർ, വണ്ടൂർ മേഖലകളിൽ വ്യാപകമായി ന്യൂജൻ ഉപഭോക്താക്കൾക്ക് സംഘം ലഹരിമരുന്ന് വിൽപന നടത്തി വരികയായിരുന്നു. വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം കഞ്ചാവ് വിതരണത്തിനെത്തിയ ഗൂഡല്ലൂർ നെൽകോട്ട സ്വദേശി നൂർമഹൽ വീട്ടിൽ നൗഫൽ അബുബക്കർ എന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് തിരൂർ തലക്കാട് പുല്ലൂരിലുള്ള വാടക ക്വാർട്ടേഴ്സിലാണ് കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതെന്നും മറ്റു സംഘാംഗങ്ങൾ അവിടെ ഇരുന്നാണ് ഇവിടെയുള്ള കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നത് എന്നും മനസിലാക്കിയത്.

കാളികാവ് റേഞ്ച് എക്സൈസ് സംഘം പുലർച്ചെ തിരൂരിലെ വാടക ക്വാർട്ടേഴ്സിലെത്തി സംഘത്തിലെ റോളക്സ് വാട്സാപ് കൈകാര്യം ചെയ്യുന്ന എടക്കര സ്വദേശി പുതുവായ് വീട്ടിൽ വിഷ്ണു എന്നായാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് കിലോ കഞ്ചാവു കണ്ടെടുക്കുകയും ചെയ്തു.

മയക്കുമരുന്ന് എത്തിക്കുകയും പണമിടപാടു നടത്തുകയും ചെയ്തിരുന്ന തൊടുപുഴ സ്വദേശി രാഹുൽ എന്ന സനീഷ് രക്ഷപ്പെട്ടു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം വണ്ടൂർ എക്സൈസ് ഇൻസ്പെക്ടർ എൻ.നൗഫൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.