ഉദ്ധവിന്റെ ഹർജി തള്ളി, മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

ന്യൂഡൽഹി/ മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെനേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വ്യാഴാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. ബുധനാഴ്ച വൈകിട്ട് മൂന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതിയിയുടെ നിർണായക ഉത്തരവ് ഉണ്ടായത്.

ശിവസേനക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ അഭിഷേക് മനു സിങ്‍വിയാണു കോടതിയിൽ ഹാജരായിരുന്നത്. എൻസിപിയുടെ രണ്ട് എംഎൽഎമാർ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയിലാതിന്നാലും, കോൺഗ്രസിന്റെ ഒരു എംഎൽഎ വിദേശത്തായതിനാലും വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്. അർഹരായവർക്ക് വോട്ടു ചെയ്യാൻ അവസരം നൽകാത്തത് ശരിയല്ലെന്നും അഭിഷേക് സിങ‍്‍വി ഉദ്ധവിനു വേണ്ടി വാദിക്കുകയുണ്ടായി.

എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനം നിലനിൽക്കുമ്പോൾ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് സിങ്‌വി കോടതിയിൽ ചോദിച്ചു. സൂപ്പർസോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവർണർ കൈക്കൊണ്ടത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെ ന്നായിരുന്നു ഇക്കാര്യത്തിൽ കോടതി ചോദ്യം. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്‍വി മറുപടി നൽകുകയുണ്ടായി.

അയോഗ്യതയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് എന്താണ് അധികാരം എന്ന വിമതർ ഉന്നയിച്ച ചോദ്യം പരിശോധിച്ചു വരികയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഗവർണർക്കു കത്ത് നൽകിയതോടെ അവർ പാർട്ടി അംഗത്വം ഉപേക്ഷിച്ചു. അപ്പോൾ തന്നെ അവർ പുറത്താക്കപ്പെട്ടെന്നും സിങ്‌വി പറഞ്ഞു. ഗവർണർ പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹം ഇനി അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ പോലും പ്രതിപക്ഷത്തിന്റെ ഉപദേശമല്ല ഗവർണർ കേൾക്കേണ്ടത് എന്നും സിങ്‍വി പറഞ്ഞു.

വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സിങ്‌വി കോടതിയിൽ വാദിച്ചപ്പോൾ യഥാർഥ ശിവസേന തങ്ങളാണെന്ന് വിമത എംഎൽഎമാർ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. 39 എംഎൽഎമാർ ഒപ്പമുണ്ട്. അയോഗ്യതാ നോട്ടിസ് ലഭിച്ചത് 16 എംഎൽഎമാർക്കാണെന്നും വിമതരുടെ അഭിഭാഷകൻ കോടതിയിൽ പറയുകയുണ്ടായി.