തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ,ക്ഷേമപെന്‍ഷന്‍ 3000 ആക്കും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് പദ്ധതിയിലൂടെ മാസം തോറും 6000 രൂപ വരെ പാവപ്പെട്ടവര്‍ക്ക് ഉറപ്പാക്കും. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രകടനപത്രികയില്‍ പറുന്നു. 5 ലക്ഷം വീടുകള്‍ അര്‍ഹരായവര്‍ക്ക് പണിതു നല്‍കും. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 3000 രൂപ ആക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രുപീകരിക്കും. വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. 40 വയസിനും 60 വയസിനും ഇടയിലുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ നല്‍കും.

കൊവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അര്‍ഹരായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകര്‍ന്ന കുടുംബങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ സഹായം ചെയ്യും. അതിനായി കൊവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കും.

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനമായ ന്യായ് പദ്ധതി (ന്യുനതം ആയ് യോജന, മിനിമം വരുമാന ഉറപ്പ് പദ്ധതി) നടപ്പിലാക്കും . സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും.

2. സംസ്ഥാനത്തു അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതിനായി നിയമം നടപ്പിലാക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.

3. അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി.

4. അര്‍ഹരായ അഞ്ചു ലക്ഷം പേര്‍ക്ക് വീട്.ലൈഫ് പദ്ധതിയിലെ അഴിമതികള്‍ അന്വേഷിക്കും.ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് സമഗ്രമായ ഭവന പദ്ധതി പദ്ധതി നടപ്പിലാക്കും.

5. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും.

6. എസ് സി , എസ് ടി വിഭാഗങ്ങള്‍ക്കും , മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയര്‍ത്തും.

7. 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍  ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും.

8. സര്‍ക്കാര്‍ ജോലികള്‍ക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ് അനുവദിക്കും.

9. 100% സുതാര്യതയും തൊഴിലന്വേഷകരോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിന് പിഎസ്സിയുടെ സമ്പൂര്‍ണ്ണ പരിഷ്‌കരണം നടപ്പിലാക്കാന്‍ നിയമം കൊണ്ടുവരും.

10. പി.എസ്.സി. നിയമനങ്ങളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അപ്പോയിന്റ്‌മെന്റ് ഉപദേശ മെമ്മോകള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കും.

12. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വര്‍ക്കെതിരേയും , യോഗ്യതയുള്ളവരെ നിയമിക്കാന്‍ കാലതാമസം വരുത്തുന്ന വകുപ്പുകള്‍ക്കെതിരേയും കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കും

13. കോവിഡ് കാരണം മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പടെയുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് ധനസഹായം ലഭ്യമാക്കും.

14. കോവിഡ് കാരണം തകര്‍ന്നുപോയ കുടുംബങ്ങള്‍, വ്യവസായങ്ങള്‍ , തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും.

15. കോവിഡ് കാരണം തകര്‍ന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാന്‍ സ്റ്റിമുലസ് പാക്കേജ് നടപ്പിലാക്കും. തൊഴില്‍ രഹിതരായ ഒരു ലക്ഷം യുവതി യുവാക്കള്‍ക്ക്(50:50) ഇരുചക്ര വാഹന സബ്‌സിഡി , ഓട്ടോ, ടാക്സി തൊഴിലാളികള്‍ക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും.

16. കോവിഡ് കാരണം വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പുനരാംഭിക്കാന്‍ സഹായം ലഭ്യമാക്കും.

17. നോ ബില്‍ ഹോസ്പിറ്റലുകള്‍ :(No Bill Hospital) സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കും.

18. ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കും.

19. റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കും ; നെല്ലിന് താങ്ങുവില 30 രൂപയാക്കും ; നാളികേരത്തിന്റെ താങ്ങുവില 40 രൂപയാക്കും.എല്ലാ നാണ്യവിളകള്‍ക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും.

20. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച് നടപ്പിലാക്കും.

21. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കൃഷിക്കാര്‍ക്ക് 2018 പ്രളയത്തിന് മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. തുടങ്ങി 67 വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത്‌.