കണക്കിലും ഇംഗ്ലീഷിലും മിടുക്കരാണോ? എങ്കില്‍ 18 ലക്ഷം രൂപ മാസ ശമ്പളത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ജോലിക്കാരാകാം

ബ്രീട്ടീഷ് രാജകുടുംബത്തിലേക്ക് ജോലിക്കായി പോകാന്‍ അവസരം. ലെവല്‍ 2 അപ്രന്റിസ്ഷിപ്പ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 18 ലക്ഷം രൂപയാണ് മാസം ശമ്പളമായി ലഭിക്കുക. ഭക്ഷണവും താമസ സൗകര്യവും രാജകുടുംബം നല്‍കും. ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയുമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിന്‍ഡ്‌സര്‍ കാസിലില്‍ താമസം ഒരുക്കും. ജോലിക്കാരുടെ ട്രാവല്‍ എക്‌സ്പന്‍സും കൊട്ടാരം വഹിക്കും. ജോലിക്കാര്‍ക്ക് കൊട്ടാരത്തിലെ ടെന്നീസ് കോര്‍ട്ട്, നീന്തല്‍കുളം മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കാനുള്ള അനുമതിയും ലഭിക്കും.

ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യതയുണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട ശേഷം 13 മാസത്തേക്ക് പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവരെയാവും ജോലിയില്‍ സ്ഥിരപ്പെടുത്തുക. സില്‍വര്‍ സ്വാന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയെയാണ് ജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ജോലി ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ ഫിലിപ്പ് സ്മിത്തിന്റെ അഭിപ്രായം.

ഏറെ കടമ്പകള്‍ കടന്ന് കൃത്യമായ തിരഞ്ഞെടുപ്പിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. അഥവാ തെരഞ്ഞെടുക്കപ്പെട്ടാലും ജോലിക്കുള്ള യോഗ്യതയേക്കാള്‍ പ്രധാനമാണ് ജോലിയില്‍ സ്ഥിരപ്പെടുന്നതിനു മുന്‍പുള്ള പരിശീലന കാലയളവ്. ഈ സമയത്തെ പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും ജോലി ലഭിക്കുക. കൊട്ടാരം വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ലെവല്‍ 2 അപ്രന്റിസ്ഷിപ്പിന്റെ പ്രധാന ജോലി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ റോയല്‍ ഹൗസ്‌ഹോള്‍ഡിലാണ് ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.