റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത; സര്‍ക്കാര്‍ നല്‍കിയത് 18,000 തോക്കുകള്‍

യുക്രൈന്റെ നിലനില്‍പ്പിനെ പരുങ്ങലിലാക്കിക്കൊണ്ട് റഷ്യ വലിയ തോതിലുള്ള അധിനിവേശം നടത്തിവരുന്ന പശ്ചാത്തലത്തില്‍ യുക്രൈന്‍ സൈന്യത്തെ സഹായിച്ച് നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കുകയാണ് യുക്രൈന്‍ ജനത. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ആയുധമെടുത്ത് പോരാടി യുദ്ധമുഖത്ത് യുക്രൈന്‍ ജനത നിലയുറപ്പിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും യുദ്ധത്തില്‍ പങ്കാളികളാകുന്നു. പതിനെണ്ണായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതിനിടെ, പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിര്‍മാണം എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യുക്രൈന്‍ ജനത സകലശക്തിയുമെടുത്ത പോരാടുകയാണ്. ഏതുവിധേനയും റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഒരു ജനത ഒറ്റയ്ക്ക് പോരാടുന്നതിന്റെ ദൃശ്യങ്ങളാണ് യുക്രൈനില്‍ എങ്ങും. തോക്ക് എന്താണെന്ന് അറിയാത്തവര്‍ പോലും തോക്കെടുത്ത്, തെരുവിലിറങ്ങി പോരാടുന്നു. റഷ്യന്‍ ആക്രമണം ശക്തമായ യുക്രൈന്‍ നഗരങ്ങളിലാണ് സൈനികമുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുത്തിരിക്കുന്നത്.

മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങളെത്തിച്ചിട്ടുണ്ട്. ഇതിനിടെ, പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അധികം വൈകാതെ, അതുണ്ടാക്കേണ്ടതെങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ച ശേഷം കോര്‍ക്കിന്റെ സ്ഥാനത്ത് തുണി തിരുകിയാണ് മൊളട്ടവ് കോക്ടെയ്ല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പെട്രോള്‍ ബോംബ് ഉണ്ടാക്കുന്നത്. ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യന്‍ ടാങ്കുകള്‍ക്ക് നേരെ പ്രയോഗിക്കാനാണ് സര്‍ക്കാര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ബോംബുകള്‍ ഇന്നലെ റഷ്യന്‍ ടാങ്കുകള്‍ക്കും കവചിതവാഹനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി പ്രയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‌ലാവ് മൊളെട്ടവിന്റെ പേരിലാണ് ഈ പെട്രോള്‍ ബോംബ് അറിയപ്പെടുന്നത്.