ഇന്ധന നികുതി; തോമസ് ഐസക്കിന്റേത് തിരഞ്ഞെടുപ്പ് സറ്റണ്ട് മാത്രമെന്ന് ഉമ്മന്‍ ചാണ്ടി; ‘ചെങ്ങന്നൂര്‍ ഫലം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകും’

ഇന്ധന വില വര്‍ധനയെ തുടര്‍ന്നുള്ള അധിക നികുതി വരുമാനം കേരള സര്‍ക്കാര്‍ വേണ്ടെന്ന്വെയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആനുകാലിക രാഷ്ട്രീയം വിലയിരുത്തി കൊണ്ടായിരിക്കും ഏത് ഉപതിരഞ്ഞെടുപ്പും വിധി പറയുക. അതില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിലയിരുത്തും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് പരാജയഭീതിയിലാണ്. അതിനാലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്യുന്നത്. അയ്യപ്പ സേവാസംഘത്തെ വര്‍ഗീയ സംഘടനയായി ചിത്രീകരിച്ച കോടിയേരി നിലപാട് തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ധന വില വര്‍ധനയെ തുടര്‍ന്നുള്ള അധിക നികുതി വരുമാനം കേരള സര്‍ക്കാര്‍ വേണ്ടെന്ന്വെയ്ക്കുമെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇത് നടപ്പിലാക്കുമെന്നുമായിരുന്നു തോമസ് ഐസക് പറഞ്ഞത്.