അടിവസ്ത്രമുരിഞ്ഞ് ഒറ്റയാള്‍ പ്രതിഷേധം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: റോഡിൽ അടിവസ്ത്രമുരിഞ്ഞ് ഒറ്റയാള്‍ സമരം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ നടപടി. റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് നിരത്തില്‍ ഡോക്ടര്‍ അടിവസ്ത്രമുരിഞ്ഞ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അദ്ധ്യക്ഷനായ കമ്മിറ്റി ഡിഎംഇ ഡോ. റംല ബീവിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനേത്തുടര്‍ന്നാണ് നടപടി.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ കൃഷ്ണകുമാറിനെയാണ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെന്‍ഡ് ചെയ്തത്.
ചാവക്കാട് ചേറ്റുവ ദേശീയ പാതയില്‍ കുഴികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാര്‍ നടത്തിയ പ്രതിഷേധ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇനി തരാന്‍ ബാക്കിയുള്ളത് അടി വസ്ത്രമാണെന്ന് പറഞ്ഞ് ഡോക്ടര്‍ അടിവസ്ത്രമുരിഞ്ഞ് റോഡില്‍ വിരിച്ചു. കൈക്കൂലിയും അഴിമതിയുമുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ‘ജട്ടി ചലഞ്ച്’ നടത്തണമെന്നും ഡോക്ടര്‍ ആഹ്വാനം ചെയ്തു.

പാലാരിവട്ടം പാലത്തിലും നേരത്തെ ഒരാൾ ‘ജട്ടി ചലഞ്ച്’ നടത്തിയിരുന്നു, പൊതുമരാമത്ത് മന്ത്രി ജി സുധാകരനും എംഎല്‍എ കെ വി അബ്ദുള്‍ഖാദറും കോഴ വാങ്ങിയതുകൊണ്ടാണ് റോഡ് ഇങ്ങനെ ആയതെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. എന്നാൽ വീഡിയോ പ്രതിഷേധം വിവാദമായതിനേത്തുടര്‍ന്ന മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ഡോ. കൃഷ്ണകുമാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് അപേക്ഷ നല്‍കിയിരുന്നു.

ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ഖാദറാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, പൊതുനിരത്തില്‍ അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു, ആക്ഷേപകരമായ പരാമര്‍ശം നടത്തിയ തുടങ്ങിയ ആരോപണങ്ങളുമായാണ് എംഎല്‍എ പരാതി നല്‍കിയത്.