കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സര്‍വീസിനെതിരെ പ്രതിഷേധവുമായി യൂണിയനുകള്‍

തിരുവനന്തപുരം. കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സര്‍വീസിനെതിരെ പ്രതിഷേധവുമായി യൂണിയനുകള്‍ രംഗത്ത്. തിരുവനന്ത പുരം കിഴക്കേകോട്ട സിറ്റി ഡിപ്പോയില്‍ നിന്ന് സര്‍വീസ് തുടങ്ങാനുളള ശ്രമം സിഐടിയു യൂണിയന്‍ തടയുകയായിരുന്നു. തമ്പാനൂരിലെ ഉദ്ഘാടനവേദിയിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ആയ ടിഡി എഫ് പ്രവർത്തകരും കോടികളുമായി എത്തി.

യൂണിയനുകളുടെ പ്രതിഷേധങ്ങള്‍ക്കിടെയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്റെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഏറെ നേരം നീണ്ടു നിന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യൂണിയന്‍ പ്രവര്‍ത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഇലക്ട്രിക് ബസ് ചരിത്രമാണെന്നും ഒരാള്‍ക്ക് പോലും ജോലി നഷ്ടപ്പെടില്ലെന്നും മന്ത്രി പറയുകയുണ്ടായി. 23 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നിരത്തില്‍ ഇറങ്ങുന്നത്. 14 ബസുകള്‍ തിങ്കളാഴ്ച സിറ്റി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സി.ഐ.ടി.യു തടഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് തടസ്സപ്പെട്ടു.

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ആഗസ്റ്റ് മാസം ആയിട്ടും ജൂണ്‍ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ഞായറാഴ്ച നടന്ന തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ ശമ്പള വിതരണം ഈ മാസം 10ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഉറപ്പ് നല്‍കി. ശമ്പളപ്രതിസന്ധി പരിഹരിച്ചിട്ട് മറ്റ് പരിഷ്‌കരണങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് യൂണിയനുകൾ പറഞ്ഞിരിക്കുന്നത്.