ചിങ്ങപ്പിറവി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ചിങ്ങപിറവി ആശംസകള്‌ നേർന്ന് ഉണ്ണി മുകുന്ദൻ. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്. ചിങ്ങപ്പിറവി ദിനത്തിൽ ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഭഗവാന്റെ ദർശനം ലഭിച്ചുവെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു..

‘എല്ലാവർക്കും ചിങ്ങം1 ആശംസകൾ. ഒടുവിൽ സർവ്വശക്തനായ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’- എന്ന് ഉണ്ണി മുകുന്ദൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തിരുപ്പതിക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

കൊല്ലവർഷത്തിലെ ആദ്യദിനമായ ഈ ദിവസം കാർഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തിൽ കർഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓർമപ്പെടുത്തുന്നത്. പഞ്ഞ കർക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.

പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയവും അതിന് പിന്നാലെ കൊവിഡും കവർന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്ക് മേൽ ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെ ദിനമാണ്.

പോയ ദിനങ്ങൾ പരിധികളില്ലാതെ നമ്മെ കൈകോർക്കാനും ചെറുത്തു നിൽക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളിൽ നിന്ന് കരുത്തോടെ കരുതലോടെ നമ്മൾ മുന്നേറി. ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുകയാണ്..