കൊച്ചിയിൽ താമസിക്കുന്നവവർ സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കണം- ഉണ്ണി മുകുന്ദൻ

ബ്രഹ്‍മപുരം വിഷയത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രം​ഗത്ത്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദൻറെ കുറിപ്പ്.

“കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിൻറെ കാര്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോൾ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക”, ഉണ്ണി മുകുന്ദൻ കുറിച്ചു.

അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടിയും രം​ഗത്തു വന്നു. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വസ്ത്രവിവാദം ഉടലെടുത്തപ്പോൾ ഘോരം ഘോരം പ്രസംഗിച്ച്, നടിക്ക് ഐക്യദാർഢ്യം അറിയിച്ച സാംസ്കാരിക നായകന്മാർ, സർക്കാരിന്റെ പിടിപ്പുകേടിനാൽ കൊച്ചിയിലെ ജനത വിഷം ശ്വസിക്കേണ്ടി വന്നപ്പോൾ മിണ്ടാട്ടമില്ലാതെ സുഖമായി ഇരിക്കുകയാണെന്ന് ഹരീഷ് പേരടി വിമർശിച്ചു.