സോഷ്യല്‍ മീഡിയകളില്‍ നിന്നും അവധി എടുത്ത് ഉണ്ണി മുകുന്ദന്‍, കാരണം ഇതാണ്

മലയാള സിനിമയിലെ ശ്രദ്ധായനായ യുവ താരമാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ലോക്ക്ഡൗണ്‍ നിലവില്‍ വന്ന് കഴിഞ്ഞും മുമ്പും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ഉണ്ണി. ഇപ്പോള്‍ താരത്തിന്റെ തീരുമാനമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ നിന്നും തത്കാലത്തേക്ക് അവധി എടുക്കുന്നു എന്നാണ് നടന്‍ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ഉണ്ണി തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും അവധി എടുക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചെന്നും ഇടവേളയ്ക്കു ശേഷം കാണാമെന്നുമാണ് ഉണ്ണിയുടെ കുറിപ്പ്.

‘സുഹൃത്തുക്കളെ, മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്‍’- ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു. പഴയ ഇന്‍ലന്‍ഡില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്റെ മാതൃകയിലും ഈ സന്ദേശം ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/IamUnniMukundan/posts/3138567749552280

മേപ്പടിയാന്‍ എന്ന ഉണ്ണിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു മോഹന്‍ ആണ്. മാഡ് ദി മാറ്റിക്‌സിന്റെ ബാനറില്‍ സതീഷ് മോഹന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.