യോഗി ആദിത്യനാഥിന്റെ മരണാനന്തര ചടങ്ങ് നടത്തി, ചടങ്ങിന്റെ വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മരണാനന്തര ചടങ്ങ് നടത്തിയ യുവാവ് അറസ്റ്റിൽ. ദൽഛപ്ര സ്വദേശി ബ്രിജേഷ് യാദവിനേയാണ് അറസ്റ്റ് ചെയ്തത്. മരണാന്തര ചടങ്ങുകൾ നടത്തിയതിനു ശേഷം അതിന്റെ വീഡിയോ യാദവ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് യുവാവിനെതിരെ വഞ്ചനാകുറ്റം ആരോപിച്ചു അഞ്ച് പുരോഹിതർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പുരോഹിതരെ തെറ്റിദ്ധരിപ്പിച്ചാണ് യാദവ് ചടങ്ങുകൾ നടത്തിയതെന്നാണ് പുരോഹിതരുടെ ആരോപണം. ഗംഗാ പൂജയെന്ന പേരിൽ യാദവ് തെറ്റിദ്ധരിച്ചെന്നു൦ അത് മനസിലാക്കാതെയാണ് തങ്ങൾ മരണാന്തര കർമങ്ങൾ നടത്തിയതെന്നും പുരോഹിതരുടെ പരാതിയിൽ പറയുന്നു. രാഷ്ട്രീയമായ ലക്ഷ്യങ്ങളാണോ സംഭവത്തിനു പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഗംഗാ തീരത്തുവെച്ചാണ് യുവാവ് മരണാനന്തര ചടങ്ങുകൾ നടത്തിയത്. യോഗി ആദിത്യനാഥിന്റെ ചിത്രവും മുൻപിൽവെച്ചായിരുന്നു ചടങ്ങുകൾ. സമാധാന ലംഘനത്തിന് കേസ് എടുത്താണ് യാദവിനെ അറസ്റ്റ് ചെയ്തത്.