ദേശീയ പ്രവേശന പരീക്ഷകളില്‍ മലയാളികള്‍ പിന്നാക്കം പോകുന്നു ; ഉച്ചക്കഞ്ഞിയും പുസ്തകവും നല്‍കിയാല്‍ ചുമതല കഴിഞ്ഞെന്ന് കരുതുന്നവരോട് സഹതാപമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ മന്ത്രി വി. ശിവന്‍കുട്ടിയുടെ എഫ്.ബി. പോസ്റ്റിന് മറുപടി എത്തി. ദേശീയ പ്രവേശന പരീക്ഷകളില്‍ മലയാളികള്‍ പിന്നാക്കം പോകുന്നു, കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് മുരളീധരന്‍ ചോദിച്ചു. കേന്ദ്രസര്‍വകലാശാലകള്‍, ഐ.ഐ.ടി.കള്‍, ഐ.ഐ.എമ്മുകള്‍ എന്നിവയില്‍ മലയാളിവിദ്യാര്‍ഥികളുടെ സാന്നിധ്യം കുറയുന്ന സ്ഥിതിയാണ് കാണുന്നത്.

കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലാത്തതിനെയും സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പില്‍മാരില്ലാത്തതിനെയും അദ്ദേഹം വിമർശിച്ചു. മലയാളി വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നല്‍കിയാല്‍ സര്‍ക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂവെന്നും മുരളീധരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘കണ്ണടച്ച് ഇരുട്ടാക്കുന്നതെ’ങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് വി. ശിവന്‍കുട്ടിയുടെ വാക്കുകള്‍.
മാറി മാറി ഭരിച്ചവര്‍ കേരളത്തിന്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ ‘മുരളീധരന്‍ വിമര്‍ശിക്കുന്നേ’ എന്ന് വിലപിച്ചിട്ട് കാര്യമില്ല!
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കില്‍
1. കേന്ദ്ര സര്‍വകലാശാലകളില്‍ പൊതുപ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നേടുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം നാമമാത്രമാവുന്നതെന്ത്?
2. കേരള സിലബസില്‍ പത്താംക്ലാസിലും പ്ലസ്ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ പോലും ദേശീയ പ്രവേശന പരീക്ഷയില്‍ പിന്നാക്കം പോവുന്നതെന്ത്?
3. ഐ.ഐ.ടി.കള്‍ ,ഐ.ഐ.എമ്മുകള്‍, ഐസറുകള്‍ തുടങ്ങിയവയില്‍ മലയാളികളുടെ സാന്നിധ്യം തീരെ കുറയുന്നതെന്ത്?
4. സര്‍ക്കാരിന്റെ പ്രചാരവേലയ്ക്കായി അക്ഷരമെഴുതാനറിയാത്തവര്‍ക്കും നൂറില്‍ നൂറും കൊടുത്ത് ഒരു തലമുറയുടെ ആകെ ഭാവി അവതാളത്തിലാക്കുകയല്ലേ?
5. സര്‍വകലാശാലകള്‍ മികവിന്റെ കേന്ദ്രങ്ങളെങ്കില്‍, എന്തുകൊണ്ട് കേരളത്തില്‍നിന്ന് പ്രതിവര്‍ഷം പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി നാടുവിടുന്നു? (2019 ല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 30,948 മലയാളി വിദ്യാര്‍ഥികള്‍ പഠനത്തിന് വിദേശത്തു പോയി)
6. നാലു വര്‍ഷമായി 66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലാത്തതെന്ത്? ഇടതുസംഘടനാ നേതാക്കള്‍ക്ക് യോഗ്യതയില്ലാത്തതിനാലല്ലേ?
7. കേരളത്തിലെ എത്ര സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരുണ്ട്? അവിടെയും ‘സഖാക്കളെ’ നിയമിക്കാനല്ലേ കാത്തിരിക്കുന്നത്?
സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ്. വസ്തുതകള്‍ പറയുമ്പോള്‍ കൂവിയിട്ട് കാര്യമില്ല. കോവിഡ് പടര്‍ന്ന ചൈനയില്‍നിന്നും, യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്‌നില്‍നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരില്‍ നല്ല ശതമാനവും മലയാളി കുട്ടികളായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ശ്രമകരമായ ആ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളെന്ന നിലയില്‍ക്കൂടിയാണ് ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നല്‍കിയാല്‍ സര്‍ക്കാരിന്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ!
വാല്‍ക്കഷണം: ‘മുരളീധരന്‍ വിമര്‍ശിക്കുന്നു, മുരളീധരന്‍ നെഗറ്റീവാണ്’ എന്ന് പറയുന്നവരോട്… കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്വം. അത് ഇനിയും മുടക്കമില്ലാതെ തുടരും.