ഞാനും പഠിച്ചത് ബ്രണ്ണന്‍ കോളേജില്‍, മുഖ്യമന്ത്രിയും കെ സുധാകരനും മഹത്തായ ബ്രണ്ണന്‍ കോളേജിനെ ഗുണ്ടാ പട്ടം ചാര്‍ത്തരുത്‌

താന്‍ ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്നും മഹത്തായ പാരമ്ബര്യമുള്ള ഒരു വിദ്യാലയമാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്‍. പിണറായി വിജയന്‍റെയും കെ സുധാകരന്‍റെയും പരസ്പരമുള്ള പോര്‍വിളിയിലൂടെ തങ്ങള്‍ അടിസ്ഥാനപരമായി ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും തുടരുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കെതിരെയാണ് വി മുരളീധരന്‍ രംഗത്തുവന്നത്.

ഉത്തര കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ ഒരു കോളേജാണ് ബ്രണ്ണന്‍ കോളേജെന്നും ആ കോളേജ് കേവലം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമായിരുന്നുവെന്ന് പൊതുജനങ്ങള്‍ക്ക് തോന്നുന്ന തരത്തില്‍ ചരിത്രത്തെ വക്രീകരിക്കാന്‍ ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കാരണമാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. അത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രിയോടും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനോടും ആവശ്യപ്പെടുന്നതായും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനമായാണ് കേരളത്തെ രാജ്യം മുഴുവന്‍ കണക്കാക്കുന്നത്. ആ ഒരു പേരാണ് ഇരുവരും വാര്‍ത്താസമ്മേളനങ്ങളിലൂടെ തകര്‍ത്തിരിക്കുന്നതെന്ന് വി മുരളീധരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെയും കെ.പി.സി.സി അധ്യക്ഷന്‍റെയും വാര്‍ത്താസമ്മേളനങ്ങള്‍ ആസൂത്രിതമാണെന്നാണ് കരുതുന്നതെന്നും മരംമുറി, കോവിഡ്, സാമ്ബത്തിക പ്രതിസന്ധി എന്നിവ മറിച്ചു വെയ്ക്കാനും സര്‍ക്കാരിനെ രക്ഷിക്കാനും പ്രതിപക്ഷം നടത്തുന്ന സഹായമാണ് ഈ വിവാദമെന്നും വി മുരളീധരന്‍ ആരോപിച്ചു.