ആരോഗ്യ മന്ത്രിക്ക് താല്‍പര്യം മാഗസിനുകളുടെ കവര്‍പേജ് ആകാന്‍; കോവിഡ് വ്യാപനത്തില്‍ ആശങ്കയെന്ന് വി മുരളീധരന്‍

കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മറ്റ് സംസഥാനങ്ങളിലെല്ലാം കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ല, സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് സര്‍ക്കാര്‍ പിആര്‍ ഏജന്‍സികളെ കൂട്ടുപിടിച്ച് നടത്തിയ പ്രചരണം എന്നാല്‍ യഥാര്‍ഥ്യം ഇപ്പോള്‍ വ്യക്തമായെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ കൊവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ നാല്പത് ശതമാനം കോവിഡ് ബാധിതരും കേരളത്തിലാണെന്ന് വ്യക്തമാണ്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് സംഭവിച്ച വലിയ വീഴ്ച്ച പ്രതിപക്ഷം പോലും ചൂണ്ടിക്കാണിച്ചില്ല എന്നതാണ് സത്യം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇപ്പോഴും ഒന്നാമത് എന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം. അതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല.

ഹോം ക്വാറന്റീന്‍ തങ്ങളുടെ പ്രത്യേകതയാണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഹോം ക്വാറന്റൈന്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതാണ് വാസ്തവം. ആഗോളതലത്തിലുള്ള മാര്‍ഗ നിര്‍ദേശം പാലിക്കാതെയാണ് കേരളത്തിലെ കോവിഡ് മരണ നിരക്കുകളുടെ കണക്കെടുക്കുന്നത്. കോവിഡ് മരണ നിരക്ക് ബോധപൂര്‍വ്വം കുറച്ചു കാണിക്കുകയാണ് സര്‍ക്കാര്‍. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നില്ല. പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുത്തവര്‍ പരാജയത്തിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കാന്‍ തയ്യാറാവണം.

ആരോഗ്യ മന്ത്രിക്ക് ഇപ്പോള്‍ താല്‍പര്യം മാഗസിനുകളുടെ കവര്‍ പേജ് ആകാനാണ്. കേരളത്തിലെ സ്ഥിതിഗതികള്‍ പരിശോധിച്ച കേന്ദ്രസംഘം എന്താണ് പറഞ്ഞതെന്ന് തനിക്കറിയാം. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരട്ടേ, അപ്പോള്‍ സത്യം എല്ലാവര്‍ക്കും മനസിലാവുമെന്നും മുരളീധരന്‍ പറഞ്ഞു.