ദ്രൗപതി മുര്‍മുവിന്റെ സത്യപ്രതിജ്ഞ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തുന്ന നിമിഷമെന്ന് വി മുരളീധരന്‍

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേല്‍ക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആഹ്ലാദം പങ്കുവെച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കാനിരിക്കുന്ന ഈ അവസരത്തില്‍ ദുര്‍ബല വിഭാഗത്തില്‍ നിന്നെത്തിയ ഒരു വനിതയ്ക്ക് രാജ്യത്തിന്റെ പരമോന്നത പദവിലെത്താന്‍ സാധിക്കുമെന്നത് പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തുന്ന നിമിഷമാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

.സാധാരണ സ്‌കൂള്‍ അധ്യാപികയായിരിക്കെയാണ് ദ്രൗപദി മുര്‍മു രാഷ്ട്രീയത്തിലേക്കെത്തുന്നത്. നഗരങ്ങളിലേക്ക് താമസം മാറാതെ സാധാരണക്കാരിയായാണ് അവര്‍ ഇത്രയും കാലവും ജീവിച്ചത്. എതിര്‍ പാര്‍ട്ടികള്‍ പോലും പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ദ്രൗപതി മുര്‍മു. ദ്രൗപതി മുര്‍മുവിന്റെ ജനാധിപത്യ ബോധത്തെക്കുറിച്ച് രാജ്യത്തിനാകെ മതിപ്പുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അല്‍പ സമയത്തിനുള്ളില്‍ സ്ഥാനമേല്‍ക്കുന്നത് കാത്തിരിക്കുകയാണ് രാജ്യം.

രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനെ തേടിയെത്തും.