യുക്രൈനിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കും; നടപടികളാരംഭിച്ചെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിമാനസര്‍വീസുള്‍പ്പെടെ മുടങ്ങിയ സാഹചര്യത്തല്‍ ബദല്‍ സംവിധാനങ്ങളൊക്കെ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. അത് സമയാസമയങ്ങളില്‍ ഇന്ത്യക്കാരെ അറിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് വിദ്യാര്‍ത്ഥികളോടും രക്ഷകര്‍ത്താക്കളോടും വി.മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു. വലിയ യുദ്ധ സാഹചര്യമുണ്ടായിരുന്ന ഇറാഖില്‍ നിന്നുള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യക്കാരെ തിരികെ കൊണ്ടു വന്നിട്ടുള്ള അനുഭവ പരിചയമുള്ള ഒരു നയതന്ത്ര സംവിധാനമാണ് ഇന്ത്യയുടേത്. ഇക്കാര്യത്തിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറുമായി ടെലിഫോണില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ഉക്രൈനിലെ എംബസിയും കൂടുതല്‍ ടെലിഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും ബന്ധപ്പെടുന്നതിനും അവര്‍ക്ക് ആവശ്യമുള്ള സഹായം എത്തിക്കുന്നതിനും ഇന്ത്യന്‍ എംബസിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും സദാ സന്നദ്ധമായി ഉണ്ടാകും. ഉക്രൈനിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ചെറിയ ആശങ്കയിലാണ്. ഉക്രൈനിന്റെ പടിഞ്ഞാറെ വശത്ത് കാര്യമായ പ്രശ്‌നമില്ല. വൈദ്യുതി വെള്ളം തുടങ്ങി അവശ്യവസ്തുക്കളെല്ലാം കുട്ടികള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നാണ് അവര്‍ തന്നെ അറിയിച്ചത്.